ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന പ്രവർത്തനശൈലിയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനായ കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലംമാറിപ്പോകുന്നു. കൃഷിവകുപ്പ് ഡയറക്ടറായാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. കാസർകോട് കളക്ടറായി ചുമതലയേറ്റ് ആറുമാസം പിന്നിടുമ്പോഴാണ് ഈ മാറ്റം.
കൃഷിവകുപ്പ് ഡയറക്ടർ സ്ഥാനത്തിന് പുറമെ കേര അഡീഷണൽ പ്രൊജക്ട് ഡയറക്ടർ, സഹകരണ രജിസ്ട്രാർ, സഹകരണ ഓഡിറ്റ് ഡയറക്ടർ എന്നീ അധിക ചുമതലകളും അദ്ദേഹം വഹിക്കും. 2017 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അർജുൻ പാണ്ഡ്യൻ തൃശൂർ കളക്ടർ പദവിയിൽ നിന്നാണ് കാസർകോട്ടേക്ക് എത്തിയത്.
ജനകീയ ഇടപെടലുകളിലൂടെ ശ്രദ്ധേയമായ ഭരണം
- സമാധാനപരമായ തെരഞ്ഞെടുപ്പ്: ചുമതലയേറ്റയുടൻ ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ യാതൊരു ക്രമസമാധാന പ്രശ്നങ്ങളുമില്ലാതെ സുഗമമായും സുതാര്യമായും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ അദ്ദേഹത്തിന് കഴിഞ്ഞു.
- ‘നമസ്തേ കളക്ടർ’ സംവേദനം: സ്കൂൾ വിദ്യാർഥികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ആരംഭിച്ച ‘നമസ്തേ കളക്ടർ’ പ്രതിവാര പരിപാടി വലിയ ജനപ്രീതി നേടി. വിദ്യാർഥികളുടെയും അധ്യാപകരുടെയും ആവശ്യങ്ങൾ നേരിട്ട് കേൾക്കാൻ ഈ വേദി വഴിയൊരുക്കി.
- ഗോത്രവർഗ മേഖലയിലെ കരുതൽ: ദേലംപാടി പഞ്ചായത്തിലെ കണ്ണങ്കോട് ഗോത്രവർഗ സെറ്റിൽമെന്റിലെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാൻ നൽകിയ വാക്ക് പാലിച്ച് കളക്ടർ അവർക്ക് 18 സൈക്കിളുകൾ സമ്മാനിച്ചത് ഏറെ ശ്രദ്ധ നേടി. കൂടാതെ അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതി പ്രകാരം കുടിവെള്ളം, റോഡ് സൗകര്യങ്ങളും ഉറപ്പാക്കി.
- എയിംസിന് ഭൂമി ശുപാർശ: കാസർകോട് പെരിയയിലുള്ള പ്ലാന്റേഷൻ കോർപ്പറേഷൻ ഭൂമി എയിംസ് സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചത് അദ്ദേഹത്തിന്റെ നിർണായക ഇടപെടലായിരുന്നു.
- ദേശീയപാതാ വികസനം: ആറുവരിയായി വികസിപ്പിക്കുന്ന ദേശീയപാത 66-ലെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ജനങ്ങളുടെ പരാതികൾ പരിഹരിക്കാനും നേരിട്ട് ഇടപെട്ടു. അടിപ്പാത, മേൽനടപ്പാലം, സർവീസ് റോഡ്, ഓവുചാൽ, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ ജനപ്രതിനിധികൾക്കും എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥർക്കുമൊപ്പം സ്ഥലം സന്ദർശിച്ച് വിലയിരുത്തി.
- ടൂറിസം വികസനം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച്, കോട്ടകളെ കോർത്തിണക്കി ‘ഫോർട്ട് സർക്യൂട്ട്’, കടൽത്തീരങ്ങളെ ബന്ധിപ്പിച്ച് ‘ബീച്ച് സർക്യൂട്ട്’ എന്നിവ ഒരുക്കുന്നതിനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു.












Leave a Reply