അഡൂർ സഞ്ചക്കടവിൽ കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ജില്ലയിൽ പെയ്യുന്ന കനത്ത മഴയ്ക്കിടയിൽ അഡൂരിൽ വീടിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. അഡൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് (PHC) സമീപം സഞ്ചക്കടവിൽ താമസിക്കുന്ന അബൂബക്കർ – സൗദ ദമ്പതികളുടെ മക്കളായ മുസമ്മിൽ (14), മുൻസിർ (10) എന്നീ സഹോദരങ്ങളാണ് മരണപ്പെട്ടത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന അയൽവാസിയായ മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. കുട്ടികൾ അയൽവീട്ടിലെ മതിലിന് സമീപം കളിച്ചുകൊണ്ടിരിക്കെ, കനത്ത മഴയിൽ കുതിർന്നുനിന്ന വലിയ ചെങ്കൽ മതിൽ പെട്ടെന്ന് ഇവരുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
വലിയ ശബ്ദത്തോടെ മതിൽ തകരുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആദൂർ പോലീസും ചേർന്നാണ് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയത്. മതിൽ ഒടിഞ്ഞുവീണയുടൻ തന്നെ ഒരു കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന ഒമ്പത് വയസ്സുകാരനായ വിഹീഷ് എന്ന കുട്ടിയെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കാസർകോട് ജില്ലയിൽ രാവിലെ മുതൽ തോരാതെ പെയ്യുന്ന ശക്തമായ മഴയാണ് മതിൽ ഇടിയാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അപകടകാരണം സംബന്ധിച്ച് ആദൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കളിചിരികളോടെ ഒപ്പമുണ്ടായിരുന്ന രണ്ട് പിഞ്ചോമനകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലും കണ്ണീരിലുമാണ് അഡൂർ ഗ്രാമം ഒന്നടങ്കം.

Leave a Reply

Your email address will not be published. Required fields are marked *