കാസര്‍കോട്: കുറ്റിക്കോല്‍ വട്ടംതട്ടയില്‍ ഗൂഗിള്‍ മാപ്പ് നോക്കി എത്തിയ മിനറല്‍ വാട്ടര്‍ ലോറി നിയന്ത്രണം വിട്ട് ബുള്ളറ്റിന്റെ പിറകിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ കാട്ടിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികരായ രണ്ട് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടരയോടെ കുറ്റിക്കോല്‍-കാനത്തൂര്‍ റോഡിലെ വട്ടംതട്ട ഇറക്കത്തിലാണ് അപകടമുണ്ടായത്.
തമിഴ്നാട്ടില്‍ നിന്ന് കാസര്‍കോട്ടേക്ക് മിനറല്‍ വാട്ടറുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വഴി തിരിച്ചറിയാനായി ഗൂഗിള്‍ മാപ്പ് നോക്കിയാണ് ലോറി ഈ റൂട്ടിലൂടെ സഞ്ചരിച്ചിരുന്നത്. വട്ടംതട്ടയിലെ കൊടുംവളവും ഇറക്കവുമുള്ള ഭാഗത്തെത്തിയപ്പോള്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ലോറിയുടെ ബ്രേക്ക് തകരാറിലാവുകയും തുടര്‍ന്ന് പൂര്‍ണ്ണമായും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു.
റോഡിലൂടെ നിരങ്ങിനീങ്ങിയ ലോറി മുന്നില്‍ പോവുകയായിരുന്ന ബുള്ളറ്റിന്റെ പിറകിലിടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ സമയം തന്നെ ബൈക്കിലുണ്ടായിരുന്നവര്‍ പുറത്തേക്ക് തെറിച്ചുവീണതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. എന്നാല്‍ യാത്രികര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പൂര്‍ണ്ണമായും ലോറിയുടെ അടിയില്‍പ്പെട്ട് തകര്‍ന്നുതരിപ്പണമായി. റോഡരികിലെ കലുങ്കിലും ക്രാഷ് ബാരിയറിലും തട്ടിയാണ് ലോറി കൂടുതല്‍ താഴ്ചയിലേക്ക് പതിക്കാതെ നിന്നത്.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവര്‍ക്കും കാര്യമായ പരിക്കുകളില്ല.













Leave a Reply