കൊച്ചി: പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനസ് അറസ്റ്റിൽ. കേസിൽ നേരത്തെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
എളമക്കരയിൽ നിന്ന് പിടികൂടിയ ലഹരിമരുന്ന് തുടർനടപടികൾക്കായി പൊലീസ് ഗോഡൗണിലേക്ക് മാറ്റാൻ സെൻട്രൽ സ്റ്റേഷനിലെത്തിച്ച സമയത്താണ് എസ്ഐ അനസ് ഇതിൽനിന്ന് ഒരു വിഹിതം മോഷ്ടിച്ചത്. തൊണ്ടിമുതലിന്റെ അളവിൽ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥൻ ലഹരിമരുന്ന് മാറ്റിയതായി വ്യക്തമായത്.
സംഭവത്തിൽ എറണാകുളം സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടികളും അറസ്റ്റും ഉണ്ടായത്. കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ലഹരിപദാർഥങ്ങളുടെ നിർമാണവും ഉപയോഗവും വിപണനവും നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.)














Leave a Reply