കാർ ആക്സസറീസ് ഷോപ്പിന്റെ മറവിൽ എംഡിഎംഎ വിൽപ്പന: പാണത്തൂർ സ്വദേശി അറസ്റ്റിൽ

കാസർകോട്: കാർ ആക്‌സസറീസ് ഷോപ്പ് നടത്തിപ്പിന്റെ മറവിൽ മയക്കുമരുന്ന് ഇടപാട് നടത്തിവന്ന യുവാവ് പൊലീസിന്റെ പിടിയിലായി. പാണത്തൂർ ബാപ്പുംകയം മറ്റത്തിൽ എം.എ. ആരിഫ് (34) ആണ് അറസ്റ്റിലായത്. ജില്ലാ നാർക്കോട്ടിക് സെൽ ഡാൻസാഫ് സ്‌ക്വാഡും ബേക്കൽ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് 4.420 ഗ്രാം എംഡിഎംഎയും 30,000 രൂപയും പൊലീസ് പിടിച്ചെടുത്തു.

തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ ഉദുമ പള്ളത്തെ ഒരു ഓട്ടോമൊബൈൽ സ്ഥാപനത്തിന് സമീപത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ തന്നെ ഇയാൾ പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.

രാത്രി ബേക്കൽ എസ്ഐ യു. റോഷിത്തും സംഘവും പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് വാഹനം കണ്ട് ആരിഫ് മരത്തിന്റെ മറവിലേക്ക് ഓടി മാറാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നി പൊലീസ് വാഹനം നിർത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ നോക്കി. തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടി ദേഹപരിശോധന നടത്തിയപ്പോഴാണ് രഹസ്യമായി സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെടുത്തത്. സംഭവത്തിൽ ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *