കാസർകോട്: പെരിയ മൂന്നാംകടവിൽ തുടർച്ചയായ രണ്ടാം ദിവസവും വാഹനാപകടം. വളം കയറ്റിയെത്തിയ ലോറി നിയന്ത്രണംവിട്ട് ഞായറാഴ്ച ഗൃഹപ്രവേശം കഴിഞ്ഞ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. അപകടത്തിൽ കണ്ണൂർ പിണറായി സ്വദേശിയായ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 12.20-ഓടെയാണ് അപകടമുണ്ടായത്. കുണ്ടംകുഴി ഭാഗത്തേക്ക് വളവുമായി പോവുകയായിരുന്ന ലോറി മൂന്നാംകടവ് ഇറക്കത്തിൽ വെച്ച് നിയന്ത്രണം തെറ്റി മുഹമ്മദ് എന്നയാളുടെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ലോറി പൂർണ്ണമായും തകർന്നു. ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻതന്നെ ചെങ്കള ഇന്ദിരാനഗറിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെയും മൂന്നാംകടവ് കയറ്റത്തിൽ അപകടം നടന്നിരുന്നു. സുള്ള്യയിൽനിന്ന് കോഴികളുമായി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. തലനാരിഴയ്ക്കാണ് വാഹനം താഴ്ചയിലേക്ക് മറിയാതെ രക്ഷപ്പെട്ടത്.
മൂന്നാംകടവ് ഇറക്കത്തിൽ മുൻപും നിരവധി അപകടങ്ങൾ നടക്കുകയും ആളപായമുൾപ്പെടെ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് തുടർച്ചയായ അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അപകടങ്ങൾ പതിവായതോടെ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങൾ നാട്ടുകാർ മുൻപും സംഘടിപ്പിച്ചിരുന്നു. പരിഹാരം കാണാമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ഈ സാഹചര്യത്തിൽ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ബഹുജന യോഗം ചേരാനും അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനുമാണ് നാട്ടുകാരുടെ തീരുമാനം.
















Leave a Reply