കടയിൽ കയറി പണം കവർന്ന കേസ്; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

പഴയങ്ങാടി: കടയിൽ കയറി പണം കവർന്ന് കടന്നുകളഞ്ഞ യുവാവിനെ മണിക്കൂറുകൾക്കകം തന്ത്രപരമായി കുടുക്കി പഴയങ്ങാടി പൊലീസ്. പഴയങ്ങാടി വെങ്ങര സ്വദേശിയും കാസർകോട് തളങ്കരയിൽ താമസക്കാരനുമായ പുന്നക്കൻ മുസമ്മിലിനെയാണ് (35) പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകുന്നേരം നാലരയോടെ പഴയങ്ങാടിയിലെ പി.എം.കെ അഫ്സലിന്റെ വ്യാപാരസ്ഥാപനത്തിലാണ് മോഷണം നടന്നത്. കടയുടമയായ അഫ്സൽ പുറത്തിറങ്ങിയ തക്കം നോക്കി, റോഡരികിൽ നിൽക്കുകയായിരുന്ന മുസമ്മിൽ പെട്ടെന്ന് അകത്തുകയറി മേശയിലുണ്ടായിരുന്ന 15,000 രൂപ കവരുകയായിരുന്നു. തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് അതിവേഗ നീക്കത്തിലൂടെ മുസമ്മിലിന്റെ സുഹൃത്തിനെക്കൊണ്ട് ഇയാളെ ഫോണിൽ വിളിപ്പിച്ചു. ഫോൺ കോൾ എത്തുമ്പോഴേക്കും പ്രതി ചെറുവത്തൂരിൽ എത്തിയിരുന്നു. ബൈക്കിൽ അങ്ങോട്ടേക്ക് വരുന്നുണ്ടെന്നും ഒരുമിച്ച് പോകാമെന്നും സുഹൃത്ത് അറിയിച്ചതോടെ മുസമ്മിൽ ചെറുവത്തൂരിൽ കാത്തുനിന്നു.

തുടർന്ന് സ്ഥലത്തെത്തിയ സുഹൃത്ത് ബൈക്കിൽ കയറ്റി ഇയാളെ തന്ത്രപൂർവം പഴയങ്ങാടിയിലെത്തിക്കുകയായിരുന്നു. പിന്നാലെ കാത്തുനിന്ന പൊലീസ് സംഘം മുസമ്മിലിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *