കുമ്പളയിൽ കാറിൽ നിന്ന് എംഡിഎംഎയും ₹2.95 ലക്ഷം രൂപയും പിടികൂടി; ഷിറിയ സ്വദേശി അറസ്റ്റിൽ

കുമ്പള: കാറിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎയും ലക്ഷക്കണക്കിന് രൂപയുമായി യുവാവ് പൊലീസ് പിടിയിലായി. ഷിറിയ, ബത്തേരി മഹലിലെ ഹൻഷാദ് എന്ന അബ്ദുള്ള അൻസാദി (26)നെയാണ് കുമ്പള പൊലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകുന്നേരം കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷിറിയ, മുട്ടം റെയിൽവേ ഗേറ്റിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് മയക്കുമരുന്നും പണവും കണ്ടെടുത്തത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള നാർക്കോട്ടിക് സെൽ ഡാൻസാഫ് ടീമും കുമ്പള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.

സംശയാസ്പദമായ രീതിയിൽ കണ്ട കാർ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിൽ 1.8 ഗ്രാം എംഡിഎംഎയും 2,95,500 രൂപയും പൊലീസ് പിടിച്ചെടുത്തു. പ്രതി സഞ്ചരിച്ച കാറും ഇയാളുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിൽ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഉള്ളതായാണ് പൊലീസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോൺ സൈബർ സെല്ലിന് കൈമാറും.

പിടിയിലായ ഹൻഷാദിനെതിരെ മുൻപും മഞ്ചേശ്വരം, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുള്ളതായി പൊലീസ് അറിയിച്ചു. കുമ്പള എസ്.ഐ എസ്. അനൂപിന്റെ നേതൃത്വത്തിലാണ് കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *