സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിർമ്മാണ മേസ്‌തിരി മരിച്ചു

കാസർകോട്: സ്‌‌കൂട്ടറിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിർമ്മാണ മേസ്‌തിരി മരിച്ചു. പുല്ലൂർ മധുരക്കാട് ശാസ്‌താംകോട്ട ക്ഷേത്രത്തിന് സമീപത്തെ പി. ജയേഷ് (48) ആണ് മരിച്ചത്. ഇന്ന് രാവിലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ ബുധനാഴ്‌ച ഉച്ചയോടെ പുല്ലൂർ തട്ടുമ്മൽ ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. ജയേഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ കയ്യിൽ വീട്ടിൽ നാരായണൻ–ബാലാമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ധന്യ.

മക്കൾ: ആദ്യലക്ഷ്മി, ആദ്യമാധവ് (ഇരുവരും വിദ്യാർത്ഥികൾ).

സഹോദരൻ: വിജേഷ്.

മൃതദേഹം ഉച്ചയോടെ പുല്ലൂരിലെ വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം സംസ്കാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *