കായിക താരങ്ങളെ കേന്ദ്രീകരിച്ച് പുതിയ സ്പോർട്സ് ബിൽ വരുന്നു; തൃക്കരിപ്പൂരിൽ പ്രഖ്യാപനങ്ങളുമായി മന്ത്രി ഒ.ജെ. ജനീഷ്

കാസർകോട്: കായിക താരങ്ങളെ കേന്ദ്രീകരിച്ചുള്ള സമഗ്ര വികസനം ലക്ഷ്യമിട്ട് അടുത്ത നിയമസഭാ സമ്മേളനത്തിൽ പുതിയ സ്പോർട്സ് ബിൽ അവതരിപ്പിക്കുമെന്ന് കായിക, യുവജനക്ഷേമ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് വ്യക്തമാക്കി. സന്ദീപ് വാര്യർ എം.എൽ.എയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘ഗെയിം പ്ലാൻ’ പദ്ധതി നടക്കാവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃക്കരിപ്പൂർ മണ്ഡലത്തിന്റെ കായിക മുന്നേറ്റത്തിനായുള്ള ആവശ്യങ്ങളോട് സർക്കാർ ഒരിക്കലും മുഖംതിരിക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി. മണ്ഡലത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരു ഓപ്പൺ ജിമ്മും വെൽനസ് സെന്ററും അനുവദിക്കും. ഇതിനുപുറമെ, നടക്കാവ് ടർഫ് നവീകരണത്തിനായി സന്ദീപ് വാര്യർ എം.എൽ.എ അനുവദിച്ച 50 ലക്ഷം രൂപയുടെ ആസ്തിവികസന ഫണ്ടിനൊപ്പം കായിക വകുപ്പിന്റെ വിഹിതമായി 50 ലക്ഷം രൂപ കൂടി ലഭ്യമാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

2036-ൽ ഇന്ത്യ വേദിയാകുന്ന ഒളിമ്പിക്സിൽ കേരളത്തിൽ നിന്നുള്ള കൂടുതൽ കായിക താരങ്ങൾക്ക് മെഡലുകൾ നേടാൻ പ്രാപ്തി നൽകുന്ന തരത്തിൽ സംസ്ഥാനത്തെ കായിക മേഖലയെ സജ്ജമാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സന്ദീപ് വാര്യർ എം.എൽ.എ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള സംസാരിച്ചു. വിവിധ കായിക ഇനങ്ങളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച തൃക്കരിപ്പൂർ മണ്ഡലത്തിലെ കായിക പ്രതിഭകളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *