കാസർകോട്: മംഗളൂരുവിൽ ഓട്ടോ ടെമ്പോയിൽ ജഡ്ജിയുടെ കാറിടിച്ച് കുമ്പള സ്വദേശി മരിച്ചു. പേരാൽ പൊട്ടോരി സ്വദേശി കെ. ചന്ദ്ര (70) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ മംഗളൂരു കദ്രി പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിങ്ങൽപ്പടി കോർട്ട് റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം.
ജില്ലാ കോടതി സമുച്ചയത്തിന് സമീപത്തുവെച്ച് ജഡ്ജിയുടെ കാറും ഓട്ടോ ടെമ്പോയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ടെമ്പോയുടെ മുൻഭാഗം പൂർണ്ണമായും തകർന്നുപോയി. വാഹനത്തിനുള്ളിൽ കുടുങ്ങിയ ചന്ദ്രയെ നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 48 വർഷമായി മംഗളൂരുവിലെ പ്രശസ്തമായ കൽപ്പന സ്വീറ്റ്സിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ചന്ദ്ര.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് വീട്ടിലെത്തിച്ച് കുണ്ടങ്കരടുക്ക ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
- ഭാര്യ: ശങ്കരി.
- മക്കൾ: ശീതൾ, സരിത.
- മരുമക്കൾ: ചന്ദ്രഹാസ, ദിനേശ്.
- സഹോദരങ്ങൾ: സുശീല, സുരേഖ, ശോഭ.
സംഭവത്തിൽ കദ്രി ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.














Leave a Reply