എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു: തളിപ്പറമ്പ് ആലക്കോട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിലെ കോളേജ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലക്കോട് കൊട്ടയാട് കവലയ്ക്ക് സമീപം കുഴിക്കണ്ടത്തിൽ പുത്തൻപുരയിൽ സജിയുടെ മകൻ എം.എസ്. ജോയൽ (18) ആണ് മരിച്ചത്. ബംഗളൂരു റൂറലിലെ ദേവനഹള്ളി ജി.ടി.ടി.സി കോളേജിലെ ഇലക്ട്രോണിക്‌സ് വിദ്യാർത്ഥിയാണ്.

സജിയും കുടുംബവും വർഷങ്ങളായി ബംഗളൂരുവിലാണ് താമസം. താമസസ്ഥലത്തു നിന്നും ആറ് കിലോമീറ്റർ അകലെയുള്ള ദേവനഹള്ളിയിലെ കോളേജ് ഹോസ്റ്റലിൽ നിന്നാണ് ജോയൽ പഠിച്ചിരുന്നത്. പതിവുപോലെ രാവിലെ കോളേജിൽ എത്തിയ ജോയൽ ഉച്ചയോടെ ഹോസ്റ്റലിൽ തിരിച്ചെത്തിയിരുന്നു. പിന്നീട് സഹപാഠികൾ മുറിയിലെത്തിയപ്പോഴാണ് ജോയലിനെ കട്ടിലിൽ അബോധാവസ്ഥയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും അധികൃതർ അറിയിച്ചു. മരണവിവരമറിഞ്ഞ് ബന്ധുക്കൾ ബംഗളൂരുവിൽ എത്തിയിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് ബംഗളൂരു സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *