ഹൊസങ്കടിയിലെ ലോഡ്‌ജിൽ യുവതിയെ പീഡിപ്പിച്ച കേസ്: 10 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസങ്കടിയിലുള്ള ലോഡ്‌ജിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി പത്തു വർഷത്തിനു ശേഷം അറസ്റ്റിലായി. വയനാട് സ്വദേശിയായ ബിജു സി.ജെ എന്ന ആന്റണി ബിജുവിനെയാണ് (44) ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡിന്റെ സഹായത്തോടെ മഞ്ചേശ്വരം പൊലീസ് വലയിലാക്കിയത്.

2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൊസങ്കടിയിലെ സ്വകാര്യ ലോഡ്‌ജിൽ വെച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ, യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് അന്നുതന്നെ ഇയാളെ പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതി, പിന്നീട് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങുകയായിരുന്നു.

തുടർന്ന് വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും മഞ്ചേശ്വരം പൊലീസും ചേർന്ന് സാഹസികമായി പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *