സംസ്ഥാനത്ത് യഥാർത്ഥ പ്രതിപക്ഷത്തിന്റെ റോളിൽ ബിജെപി: എ.പി. അബ്ദുള്ളക്കുട്ടി

ചീമേനി: സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗവും തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിലയിരുത്തലും സ്വന്തം അണികളെ കബളിപ്പിക്കാനുള്ള നീക്കം മാത്രമാണെന്ന് ബിജെപി മുൻ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് എം.വി. ഗോവിന്ദനെയും മാറ്റാൻ സിപിഎം തയ്യാറാകാത്തത് പാർട്ടി തെറ്റ് തിരുത്താൻ സന്നദ്ധമല്ലെന്നതിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചീമേനി ട്രീ വുഡ് കൺവൻഷൻ സെന്ററിൽ നടന്ന ബിജെപി ജില്ലാ പഠന ശിബിരത്തിന്റെ (പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ പ്രശിക്ഷണ മഹാ അഭിയാൻ) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലേറി മൂന്ന് മാസത്തിനുള്ളിൽ തന്നെ വി.ഡി. സതീശൻ സർക്കാരിന്റെ പരാജയം ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് യഥാർത്ഥ പ്രതിപക്ഷത്തിന്റെ റോളിൽ ശക്തമായി പോരാടുന്നത് ബിജെപിയാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

നരേന്ദ്ര മോദി സർക്കാരിന് ആഗോളതലത്തിൽ ലഭിക്കുന്ന സ്വീകാര്യതയും രാജ്യം കൈവരിക്കുന്ന വികസന മുന്നേറ്റങ്ങളും കോൺഗ്രസ് നേതൃത്വത്തിലുള്ള ‘ഇൻഡി’ മുന്നണിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധങ്ങൾ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിബിരത്തിൽ പങ്കെടുത്ത മുതിർന്ന നേതാക്കളെ ചടങ്ങിൽ എ.പി. അബ്ദുള്ളക്കുട്ടി പൊന്നാടയണിയിച്ച് ആദരിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ കൗൺസിൽ അംഗം പി.കെ. വേലായുധൻ, കണ്ണൂർ മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ, സതീഷ് ചന്ദ്ര ഭണ്ഡാരി, രവീശ തന്ത്രി കുണ്ടാർ, പ്രമീള സി. നായിക്, എ. വേലായുധൻ, കണ്ണൂർ മേഖല സംഘടനാ ജനറൽ സെക്രട്ടറി എ.വി. ഷിജു, ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ. സുനിൽ, എൻ. ബാബുരാജ്, മനുലാൽ മേലത്ത്, മേഖല വൈസ് പ്രസിഡന്റ് വിജയ് കുമാർ റൈ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ബി. രവീന്ദ്രൻ, രൂപവാണി ഭട്ട്, ഹരീഷ് നാരമ്പാടി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *