കുമ്പള: ഇന്ധനം അടിച്ച് തീരുന്നതിന് മുൻപ് വാഹനം മുന്നോട്ടെടുത്തതിനെത്തുടർന്ന് പെട്രോൾ പമ്പിൻ്റെ മീറ്റർബോക്സ് തകർന്നു വീണു. കുമ്പള-ബദിയടുക്ക റോഡിലെ ഭാരത് പെട്രോളിയം പമ്പിലാണ് സംഭവം. പമ്പിൻ്റെ പ്രവർത്തനം മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു.
കാറിൽ ഡീസൽ അടിച്ചു കഴിഞ്ഞുവെന്ന് കരുതി ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഈ സമയം ഡീസൽ നൽകുന്ന ഹോസ് പൈപ്പും നോസിലും കാറിൻ്റെ ഇന്ധന ടാങ്കിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. വാഹനം മുന്നോട്ട് നീങ്ങിയതോടെ വലിയ വലിവ് അനുഭവപ്പെടുകയും പമ്പിൻ്റെ മീറ്റർബോക്സ് പൂർണ്ണമായി കടപുഴകി താഴെ വീണ് തകരുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് പമ്പിലെ ഇന്ധന വിതരണം മൂന്ന് മണിക്കൂറോളം പൂർണ്ണമായും നിലച്ചു. മെഷീൻ തകർന്നതുവഴി ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പമ്പ് അധികൃതർ അറിയിച്ചു. കാറിലുണ്ടായിരുന്നവരുമായി ബന്ധപ്പെട്ടതായും നഷ്ടപരിഹാരം നൽകി പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് അവർ അറിയിച്ചിട്ടുണ്ടെന്നും പമ്പ് ജീവനക്കാർ വ്യക്തമാക്കി.














Leave a Reply