കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട വിവാദമായ വടകര എംഡിഎംഎ കേസിലെ പ്രതിയായ കീർത്തനയ്ക്ക് (31) വെട്ടേറ്റു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് ഭർത്താവ് വിനീഷ് ഇവരെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തിൽ വിനീഷിനെ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങൾ. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച കീർത്തന എല്ലാ ആഴ്ചയും സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്ന വ്യവസ്ഥ പ്രകാരം എത്തിയതായിരുന്നു. സ്റ്റേഷന് സമീപത്തുവെച്ച് വിനീഷ് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള കീർത്തനയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ലഹരിക്കേസിൽ അറസ്റ്റിലായിരുന്ന കീർത്തനയ്ക്ക് രണ്ടാഴ്ച മുൻപാണ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്. ലഹരി ഇടപാടിൽ തനിക്ക് പങ്കില്ലെന്നും തന്നെ മനഃപൂർവം കുടുക്കിയതാണെന്നുമുള്ള നിലപാടാണ് കീർത്തന തുടക്കം മുതൽ സ്വീകരിച്ചിരുന്നത്.
പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ വി.പി. നീഷ്മ (30), ഓൺലൈൻ ഡെലിവറി ഏജന്റ് ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ്, സഫ്‌വാൻ എന്നിവരായിരുന്നു എംഡിഎംഎ കേസിൽ നേരത്തെ അറസ്റ്റിലായത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഷിന്റോ ഷിബുവാണ് (22) കേസിലെ മുഖ്യസൂത്രധാരൻ എന്നാണ് പൊലീസ് കണ്ടെത്തൽ.
















Leave a Reply