ബദിയടുക്ക: പെർള കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ വികസന പദ്ധതിക്കായി ഇറക്കിവെച്ച ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കേബിളുകൾ കവർന്നു. ഗുണാജെ ട്രാൻസ്ഫോർമറിന് സമീപം സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം രൂപ വിലവരുന്ന എൽ.ടി.എ.ബി കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇന്നലെ പുലർച്ചെ പിക്കപ്പ് വാനിലെത്തിയ മുഖംമൂടി സംഘമാണ് മോഷണം നടത്തിയത്.
എന്മകജെ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽപ്പെട്ട ഗുണാജെ – പൊസടുക്ക പ്രദേശത്ത് കെ.എസ്.ഇ.ബിയുടെ ‘ദ്യുതി’ പദ്ധതി പ്രകാരം വൈദ്യുതി ലൈൻ വലിക്കുന്നതിനായി എത്തിച്ച കേബിളുകളാണ് നഷ്ടപ്പെട്ടത്. രണ്ട് വലിയ ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന ആയിരം മീറ്ററോളം കേബിൾ വയറുകളാണ് സംഘം കടത്തിക്കൊണ്ടുപോയത്.
ഇന്നലെ പുലർച്ചെ 2.30നും നാല് മണിക്കുമിടയിലാണ് സംഭവം. ആളൊഴിഞ്ഞ സമയം നോക്കിയെത്തിയ സംഘം ഭാരമേറിയ കേബിൾ ഡ്രമ്മുകൾ വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. പ്രതികൾ മുഖംമൂടി ധരിച്ചാണ് എത്തിയതെന്ന് സമീപത്തെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
റോഡരികിൽ ഇറക്കിവെച്ചിരുന്ന കേബിളുകൾ കാണാതായതിനെ തുടർന്ന് നാട്ടുകാരിലൊരാളാണ് വിവരം കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കുന്നത്. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വൻ മോഷണം സ്ഥിരീകരിച്ചത്. സംഭവത്തിൽ പെർള കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയറുടെ പരാതിയിൽ ബദിയടുക്ക പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളും വാഹനത്തിന്റെ സഞ്ചാരപഥവും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.














Leave a Reply