കാസർകോട്: കടുത്ത ചൂടിൽ വെന്തുരുകിയ ജില്ലയ്ക്ക് ആശ്വാസമേകി കാസർകോട് വിവിധയിടങ്ങളിൽ വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ മഴ പെയ്തിറങ്ങി. വടക്കൻ അതിർത്തിയായ മഞ്ചേശ്വരം ഭാഗത്താണ് ആദ്യം മഴ തുടങ്ങിയത്. തുടർന്ന് ക്രമേണ തെക്കൻ ഭാഗങ്ങളിലേക്കും കിഴക്കൻ മലയോര മേഖലകളിലേക്കും മഴ വ്യാപിക്കുകയായിരുന്നു.
പെട്ടെന്നുണ്ടായ കനത്ത മഴ നാളുകളായി തുടരുന്ന കൊടുംചൂടിന് വലിയ ആശ്വാസമാണ് പകർന്നുനൽകിയത്. എന്നാൽ, ജില്ലയിലെ വിവിധ സ്കൂളുകളിൽ നടന്നുവരുന്ന കായിക മേളകൾക്ക് മഴ തിരിച്ചടിയായി. മഴ കാരണം പലയിടങ്ങളിലും മത്സരങ്ങൾ തടസ്സപ്പെടുകയോ നിർത്തിവെക്കുകയോ ചെയ്തു.
നെൽകർഷകർക്ക് നെഞ്ചിടിപ്പ്
മഴയെത്തിയത് ചൂടിൽ നിന്ന് നാടിന് മോചനമായെങ്കിലും ജില്ലയിലെ നെൽകർഷകരുടെ നെഞ്ചിടിപ്പേറ്റിയിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച് വളർത്തിയെടുത്ത വിളവെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മഴ കനക്കുന്നത്. അടുത്ത ആഴ്ചയോടെ കൊയ്യാനിരിക്കുന്ന പാടങ്ങളിൽ വെള്ളം നിറഞ്ഞാൽ വൻ നഷ്ടത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് കർഷകർ.
തോട്ടവിളകൾക്കും പച്ചക്കറിക്കും തുണയായി മഴ
അതേസമയം, മഴവെള്ളത്തെ മാത്രം ആശ്രയിച്ച് പച്ചക്കറി കൃഷി ഇറക്കിയ കർഷകർക്ക് ഈ മഴ വലിയ അനുഗ്രഹമായി. മാത്രമല്ല, തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയ വിളകൾക്ക് വളം ചേർക്കുന്ന സീസണായതിനാൽ നിലവിലെ മഴ കാർഷിക മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും കർഷകർ അഭിപ്രായപ്പെട്ടു.














Leave a Reply