കാസർകോട്: ജില്ലയുടെ സമ്പന്നമായ ചരിത്രവും തനത് സംസ്കാരവും വിനോദസഞ്ചാര സാധ്യതകളും രാജ്യാന്തര തലത്തിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം പുതിയ ക്യാമ്പയിന് തുടക്കം കുറിച്ചു. ‘കാസർകോടിനെ അറിയാൻ’ (Know Your Kasaragod) എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം, ജില്ലയുടെ തനത് ഭൗമസൂചികാ പദവി (GI Tag) ലഭിച്ച കാസർകോട് സാരി പരിചയപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് നിർവഹിച്ചു.
ജില്ലയുടെ തനത് കലാരൂപങ്ങൾ, ആഘോഷങ്ങൾ, പ്രകൃതിഭംഗി തുളുമ്പുന്ന ടൂറിസം കേന്ദ്രങ്ങൾ, രുചിക്കൂട്ടുകൾ എന്നിവയെല്ലാം കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കാസർകോടിന്റെ വൈവിധ്യങ്ങൾ പുറംലോകത്തിന് മുന്നിൽ കൃത്യമായി അവതരിപ്പിക്കുന്നതിലൂടെ ജില്ലയിലേക്ക് കൂടുതൽ സഞ്ചാരികളെയും സംസ്കാര പ്രേമികളെയും ആകർഷിക്കാൻ കഴിയുമെന്ന് കളക്ടർ വ്യക്തമാക്കി.
മൂന്ന് ഭാഷകളിൽ, ആഴ്ചയിൽ രണ്ട് ദിവസം
ക്യാമ്പയിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം കാസർകോടിന്റെ ഓരോ സവിശേഷതകൾ ഉൾപ്പെടുത്തിയുള്ള വിവരങ്ങൾ മലയാളം, ഇംഗ്ലീഷ്, കന്നഡ എന്നീ മൂന്ന് ഭാഷകളിലായി പൊതുജനങ്ങളിലേക്ക് എത്തിക്കും. ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് ഉള്ളടക്കം പങ്കുവെക്കുക.
കൂടാതെ, കാസർകോടിന്റെ അറിയപ്പെടാത്ത സവിശേഷതകളും ചരിത്രങ്ങളും നിർദേശങ്ങളായി പങ്കുവെക്കാനും പൊതുജനങ്ങൾക്ക് ഇതിൽ അവസരമുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ കമന്റുകളിലൂടെ ജനങ്ങൾക്ക് തങ്ങളുടെ നിർദേശങ്ങൾ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്താം.
ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (I&PRD) എന്നിവയുടെ സഹകരണത്തോടെയാണ് ‘നോ യുവർ കാസർകോട്’ ക്യാമ്പയിൻ നടപ്പിലാക്കുന്നത്.














Leave a Reply