ഗ്യാസ് വില കുറഞ്ഞിട്ടും ഹോട്ടൽ നിരക്കുകൾ താഴേക്ക് പോകുന്നില്ല; ദുരിതത്തിലായി സാധാരണക്കാർ

കുമ്പള: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക നിയന്ത്രണങ്ങളിലും വിലയിലും ഇളവുകൾ വന്നിട്ടും ഹോട്ടലുകളിലും ചെറുഭക്ഷണശാലകളിലും ഏർപ്പെടുത്തിയ വിലവർധനവ് പിൻവലിക്കാത്തത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകുന്നു. നിത്യേന ഹോട്ടലുകളെ ആശ്രയിക്കുന്ന ദിവസവേതനക്കാർ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, ബസ് ജീവനക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ, ആശുപത്രി ആവശ്യങ്ങൾക്കായി എത്തുന്നവർ തുടങ്ങിയവരാണ് വിലക്കയറ്റം മൂലം ഏറെ ബുദ്ധിമുട്ടുന്നത്.

നേരത്തെ പത്തും പന്ത്രണ്ടും രൂപയായിരുന്ന ചായക്ക് ഇന്ന് മിക്കയിടങ്ങളിലും 15 രൂപയാണ് ഈടാക്കുന്നത്. ചുരുക്കം ചില കടകളിൽ മാത്രമാണ് 10 രൂപ നിരക്കിൽ ഇപ്പോഴും ചായ ലഭിക്കുന്നത്. 50 രൂപയായിരുന്ന സാധാരണ ഊണിന് നിലവിൽ 60 മുതൽ 70 രൂപ വരെയാണ് ഈടാക്കുന്നത്.

പൊറോട്ട ഒന്നിന് 15 മുതൽ 18 രൂപ വരെ നൽകേണ്ട അവസ്ഥയാണ്. ഫാസ്റ്റ് ഫുഡ് മേഖലയിലും സമാനമായ വർധനവാണ് കാണുന്നത്. 50 രൂപയുണ്ടായിരുന്ന ഷവർമക്ക് ഇപ്പോൾ 70 മുതൽ 80 രൂപ വരെയായി ഉയർന്നു. മറ്റ് ലഘുഭക്ഷണങ്ങൾക്കും ഇത്തരത്തിൽ അമിതവില ഈടാക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്.

പാചകവാതക വില ഉയർന്നപ്പോൾ കൂട്ടിയ നിരക്കുകൾ, പിന്നീട് ഇളവുകൾ പ്രഖ്യാപിച്ചിട്ടും കുറയ്ക്കാൻ വ്യാപാരികൾ തയാറാകാത്തത് നീതീകരിക്കാനാവില്ലെന്നും, സാധാരണക്കാരായ ഉപഭോക്താക്കളുടെ പ്രയാസങ്ങൾ മനസ്സിലാക്കി ന്യായമായ നിരക്കുകൾ പുനഃസ്ഥാപിക്കാൻ ഹോട്ടൽ ഉടമകൾ തയാറാകണമെന്നും സാമൂഹ്യപ്രവർത്തകൻ മൂസ അട്ക ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *