കാസർകോട്: കടവരാന്തയിൽ സുഹൃത്തിനെ കൈകൊണ്ടും പട്ടികകൊണ്ടും അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കർണാടക ബാഗൽകോട്ട് സ്വദേശി ഉമേഷ് ഗൗഡയെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടി.എച്ച്. രജിത ശിക്ഷിച്ചത്. പിഴ തുകയായ അമ്പതിനായിരം രൂപ അടച്ചില്ലെങ്കിൽ പ്രതി രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണം. കർണാടക ഹിരാഹട്ടി സ്വദേശിയായ ദ്യമപ്പ (59) ആണ് കൊല്ലപ്പെട്ടത്.
2021 ഏപ്രിൽ 14-ന് പുലർച്ചെ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടിക്കുളത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കടവരാന്തയിലിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ദ്യമപ്പയെ ഉമേഷ് ഗൗഡ കൈകൊണ്ടും മരപ്പട്ടികകൊണ്ടും തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
സംഭവത്തിൽ അന്നത്തെ ബേക്കൽ പൊലീസ് ഇൻസ്പെക്ടർ അനിൽ ബാബുവാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇൻസ്പെക്ടറായിരുന്ന ടി.വി. പ്രതീഷ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കൃത്യമായ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 30 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ അഡ്വ. ഇ. ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ കോടതിയിൽ ഹാജരായി.















Leave a Reply