തൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനും തുടർനടപടികൾക്കും ശേഷം ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
തൃശ്ശൂർ സ്വദേശിയായ ട്രാൻസ്ജെൻഡർ നൽകിയ പരാതിയിലാണ് സൈബർ പോലീസിന്റെ നടപടി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായ പരാമർശങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
കേസന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്ക് ആസ്പദമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെയും , ഐ.ടി ആക്ടിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് തൃശ്ശൂർ സിറ്റി സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.















Leave a Reply