കോഴിക്കോട്/കാസർകോട്: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വയോധികയുടെ രണ്ടരപ്പവൻ സ്വർണമാല കവർന്ന കേസിൽ കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പന്തിരംകാവ് പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി ഇബ്രാഹിം ഖലീൽ (42), മലപ്പുറം ആനക്കയം സ്വദേശി മുഹമ്മദ് ദിൽഷാദ് (23) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 30-നായിരുന്നു കേസിനാസ്പദമായ സംഭവം. കൊടൽ നടക്കാവ് ഈരാട്ടുകുന്ന് ഭാഗത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന കൊടൽ നടക്കാവ് എളാടത്ത് വിലാസിനിയുടെ മാലയാണ് പ്രതികൾ കവർന്നത്. ഇരുചക്രവാഹനത്തിലെത്തിയ പ്രതികൾ വയോധികയുടെ കഴുത്തിൽ നിന്ന് രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ പിടിയിലാകാതിരിക്കാൻ പ്രതികൾ കൃത്യമായ ആസൂത്രണം നടത്തിയിരുന്നു. മോഷണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ യഥാർത്ഥ നമ്പർ പ്ലേറ്റ് മാറ്റി, വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് ഇവർ കവർച്ച നടത്തിയത്. പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ഇവർ സമാനമായ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.















Leave a Reply