സദാചാര പൊലീസ് ചമഞ്ഞ് വീട്ടിൽ അതിക്രമിച്ച് കയറി സ്വർണവും പണവും കവർന്നു; അഞ്ചംഗ സംഘം അറസ്റ്റിൽ

കാസർകോട്: ഭർതൃമതിയായ യുവതിയുടെ വീട്ടിൽ സദാചാര പൊലീസ് ചമഞ്ഞ് അതിക്രമിച്ച് കയറി യുവതിയെയും ആൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ അഞ്ചംഗ സംഘം പിടിയിൽ. മുളിയാർ പൊവ്വൽ സ്വദേശി ബി. ഷറീഫ് (42), ചെങ്കള സന്തോഷ് നഗറിലെ മുഹമ്മദ് സാലിഹ് (22), നാലാം മൈൽ സ്വദേശികളായ ഉമർ മുഖ്‌താർ (18), മുഹമ്മദ് ഷിഹാൻ (20), ആലംപാടി സ്വദേശി അബ്ദുൽ റഷീദ് (36) എന്നിവരെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ജൂലൈ 21-നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ വീട്ടിലെത്തിയ ആൺസുഹൃത്തിനൊപ്പം യുവതിയെ ചേർത്തുനിർത്തി സംഘം മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കുകയായിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും തട്ടിയെടുത്തത്.

യുവതിയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല, മോതിരം, കൈവശമുണ്ടായിരുന്ന 15,000 രൂപ എന്നിവയാണ് സംഘം ആദ്യം കൈക്കലാക്കിയത്. പിന്നീട് ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിൽനിന്ന് 40,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങി. ഇതിനുശേഷവും കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് പ്രതികൾ ഭീഷണി തുടർന്നതോടെയാണ് യുവതി വിദ്യാനഗർ പൊലീസിൽ പരാതി നൽകിയത്.

പരാതി ലഭിച്ചയുടൻ വിദ്യാനഗർ ഇൻസ്പെക്ടർ പി. പ്രമോദിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. വീടുകയറി അതിക്രമം, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, കവർച്ച തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *