തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണവും തടസ്സങ്ങളും സംബന്ധിച്ച വിവരങ്ങൾ ഇനി ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയാം. കെഎസ്ഇബിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘വിത്ത് യു’ (With You) വഴിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. നാളെ ഉച്ചയോടെ ഈ സംവിധാനം സംസ്ഥാനത്തുടനീളം പൂർണ്ണതോതിൽ നിലവിൽ വരും.
വൈദ്യുതി മുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് വരെ ഉപഭോക്താക്കൾക്ക് വിവരം ലഭ്യമാക്കാൻ സാധിക്കുന്ന രീതിയിലാണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ അത്യാധുനിക ‘ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റ’വുമായി (Outage Management System – OMS) ആപ്പിനെ ബന്ധിപ്പിച്ചാണ് ഈ സേവനം സാധ്യമാക്കുന്നത്. ഒഎംഎസിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ട് മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കും.
തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ സംവിധാനം വൻ വിജയകരമായിരുന്നുവെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സംസ്ഥാനത്തെ മുഴുവൻ ഉപഭോക്താക്കളിലേക്കും സേവനം വ്യാപിപ്പിക്കുന്നത്. മെയിന്റനൻസ് പ്രവൃത്തികൾ മൂലമുള്ള ലോഡ് ഷെഡിങ്ങും അപ്രതീക്ഷിത വൈദ്യുതി തടസ്സങ്ങളും നേരത്തെ അറിയാൻ സാധിക്കുന്നത് വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ ദൈനംദിന കാര്യങ്ങൾ തടസ്സമില്ലാതെ മുൻകൂട്ടി പ്ലാൻ ചെയ്യാൻ സാധിക്കും.














Leave a Reply