ദേശീയപാതയിലെ വാമഞ്ചൂർ എക്‌സൈസ് ചെക്ക് പോസ്റ്റിന് മുന്നിൽ ബൈക്കപകടം: യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്

മഞ്ചേശ്വരം: കാസർകോട് – തലപ്പാടി ദേശീയപാതയിലെ മഞ്ചേശ്വരം വാമഞ്ചൂർ എക്‌സൈസ് ചെക്ക് പോസ്റ്റിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൈവളിഗെ ചിപ്പാർ കടങ്കൊടിയിലെ ബാലകൃഷ്‌ണന്റെ മകൻ കിരൺ കുമാർ (34) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മംഗളൂരു വെൻലോക് ആശുപത്രിയിലായിരുന്നു അന്ത്യം.

അപകടത്തിൽ കിരണിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് കൊടങ്കയിലെ ഹരീഷിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെൻലോക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയിലായിരുന്ന ഹരീഷിനെ നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. വാമഞ്ചൂർ എക്‌സൈസ് ചെക്ക് പോസ്റ്റിന് മുന്നിൽ ദേശീയപാതയോരത്ത് ടാങ്കർ ലോറി നിർത്തിയിട്ട് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവർക്കും തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കിരൺ കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല.

ദേശീയപാതയിൽ വാഹനങ്ങൾ അപകടകരമായ രീതിയിൽ നിർത്തിയിട്ട് പരിശോധന നടത്തുന്നത് അവസാനിപ്പിക്കണമെന്നും ചെക്ക് പോസ്റ്റ് അനുയോജ്യമായ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെയും യാത്രക്കാരുടെയും ഭാഗത്തുനിന്ന് വലിയ പ്രതിഷേധം ഉയരുന്നതിനിടയിലാണ് യുവാവിന്റെ ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *