കാസർകോട്: ചെറുവത്തൂർ – നീലേശ്വരം റൂട്ടിലെ മയിച്ച റെയിൽവേ പാലത്തിന്റെ തൂണിൽ ബലക്കുറവും വിള്ളലും കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തി. വിള്ളൽ രൂപപ്പെട്ട ഭാഗം റെയിൽവേ വിഭാഗം അതീവ ജാഗ്രതയോടെ രാപ്പകൽ നിരീക്ഷണത്തിന് വിധേയമാക്കുകയാണ്.
ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ മുതൽ കാര്യങ്കോട് പാലം വരെയുള്ള ഭാഗത്ത് ട്രെയിനുകൾക്ക് പരമാവധി 30 കിലോമീറ്റർ വേഗപരിധി നിശ്ചയിച്ചിട്ടുണ്ട്. അപകടസാധ്യത ഒഴിവാക്കാൻ പാലത്തിന്റെ ഇരുവശങ്ങളിലും ജാഗ്രതാ നിർദേശം നൽകുന്ന മുന്നറിയിപ്പ് ബോർഡുകളും റെയിൽവേ സ്ഥാപിച്ചു.
ആഴ്ചകൾക്ക് മുൻപാണ് മയിച്ച പുഴയിലെ പഴയ പാലത്തിന്റെ തെക്കുഭാഗത്തുള്ള തൂണിലെ കല്ല് മുന്നോട്ട് തള്ളിനിൽക്കുന്നതും അതിന് സമീപം വിള്ളൽ രൂപപ്പെട്ടതും അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. വിവരം അറിഞ്ഞയുടൻ ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര പരിശോധന നടത്തി. പ്രാഥമിക സുരക്ഷയുടെ ഭാഗമായി വിള്ളൽ വീണ ഭാഗത്ത് പ്രത്യേക തരം രാസപശ ഉപയോഗിച്ച് അടച്ചിട്ടുണ്ട്.
തൂണിൽ കൂടുതൽ വിള്ളലോ മാറ്റങ്ങളോ ഉണ്ടാകുന്നുണ്ടോയെന്ന് നിരന്തരം വിലയിരുത്താൻ പ്രത്യേക അളവുകോൽ സ്ഥാപിച്ചാണ് നിലവിൽ നിരീക്ഷണം നടത്തുന്നത്. പാലത്തിന് കാവലായി റെയിൽവേ ഉദ്യോഗസ്ഥനെയും കരാർ ജീവനക്കാരനെയും രാപ്പകൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമേ ഒന്നിടവിട്ട ദിവസങ്ങളിൽ ഉന്നത എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുമുണ്ട്. ശാശ്വതമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഈ മേഖലയിൽ വേഗനിയന്ത്രണവും നിരീക്ഷണവും തുടരുമെന്നാണ് വിവരം.












Leave a Reply