നീലേശ്വരം: നീലേശ്വരം നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ പേപ്പട്ടിയുടെ പരാക്രമം. ജനവാസ മേഖലകളിൽ ഭീതി പരത്തിയ പേപ്പട്ടിയുടെ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ആനച്ചാൽ, കടിഞ്ഞിമൂല, ഓർച്ച, കോട്ടപ്പുറം, പുറത്തേക്കൈ എന്നീ ഭാഗങ്ങളിലാണ് തെരുവുനായ അഴിഞ്ഞാടിയത്.
വഴിയാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത പേപ്പട്ടിയുടെ കടിയേറ്റ് പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർക്ക് അടിയന്തര പ്രതിരോധ വാക്സിനും പ്രാഥമിക ചികിത്സകളും നൽകിയിട്ടുണ്ട്.
പ്രദേശത്ത് പേപ്പട്ടി ശല്യം രൂക്ഷമായതോടെ അതിരാവിലെ മദ്രസകളിലേക്കും പിന്നീട് സ്‌കൂളുകളിലേക്കും പോകുന്ന വിദ്യാർഥികളും രക്ഷിതാക്കളും വലിയ ഭീതിയിലാണ് വഴിനടക്കുന്നത്. തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ നീലേശ്വരം നഗരസഭാ അധികൃതരെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു.
പ്രദേശവാസികളെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ പേപ്പട്ടിയെ പിന്നീട് സമീപപ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി. പേപ്പട്ടിയുടെ ശല്യം ഒഴിഞ്ഞെങ്കിലും തെരുവുനായ്ക്കളുടെ ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്ന ശക്തമായ ആവശ്യത്തിലാണ് പ്രദേശവാസികൾ.












Leave a Reply