അംഗഡിപ്പദവ് കൊലപാതകം: പ്രതി 24 മണിക്കൂറിനകം പിടിയിൽ; മംഗളൂരുവിൽ നിന്ന് പിടികൂടി മഞ്ചേശ്വരം പൊലീസ്

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസങ്കടി അംഗഡിപ്പദവിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്. കർണാടക ദാവണഗരെ ഹാരപ്പനഹള്ളി സ്വദേശി രാംനായിക് എന്ന രമേശ് (31) ആണ് പിടിയിലായത്. മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ എം.വി. വിഷ്‌ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി, മംഗളൂരു പടിൽ വഴി കർണാടകയിലെ സ്വന്തം നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച രാത്രിയോടെയാണ് പൊലീസ് പിടിയിലാകുന്നത്. ഇൻസ്പെക്ടർക്ക് പുറമെ എസ്.ഐമാരായ ശബരികൃഷ്‌ണൻ, അർജുൻ, സ്ക്വാഡ് അംഗങ്ങളായ സുധാകരൻ, സജിത്ത്, രാജേഷ്, ജിനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

നോർത്ത് കർണാടക ഹൊസപ്പേട്ട ലിംഗനായികഹള്ളി സ്വദേശിയും അംഗഡിപ്പദവിൽ വാടകയ്ക്ക് താമസിച്ച് കൂലിപ്പണി ചെയ്തുവരികയുമായിരുന്ന രമേശ (38) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ അംഗഡിപ്പദവിലെ പഴയ ഇരുനില വാടക വീടിന്റെ അടുക്കളയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

സുഹൃത്തുക്കളായ ഇരുവരും സംഭവദിവസം വൈകുന്നേരം വാടകവീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയിൽ പണമിടപാടിനെച്ചൊല്ലി വാക്കുതർക്കമുണ്ടാവുകയും, തുടർന്ന് രാംനായിക് രമേശനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി ഉടൻ തന്നെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. വീടിന്റെ മുകളിലത്തെ നിലയിൽ താമസിക്കുന്ന കൃഷ്ണപ്പ എന്നയാൾ താഴെ എത്തിയപ്പോഴാണ് രമേശയെ അടുക്കളയിൽ ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് മഞ്ചേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കാസർകോട് ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ, നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം കർണാടകയിലെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *