ഡൽഹി സത്യനികേതനിൽ ബഹുനില കെട്ടിടം തകർന്നു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ന്യൂഡൽഹി: സൗത്ത് വെസ്റ്റ് ഡൽഹിയിലെ സത്യനികേതനിൽ പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടം തകർന്നുവീണു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായ അപകടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കുടുങ്ങിക്കിടന്ന രണ്ടുപേരെ ഇതിനകം രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമാണ് അപകടമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. വിദ്യാർഥികൾക്ക് താമസസൗകര്യം നൽകുന്ന പേയിങ് ഗസ്റ്റ് (പിജി) സംവിധാനമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. സർവകലാശാലയ്ക്ക് അടുത്തായതിനാൽ താമസക്കാരിൽ ഭൂരിഭാഗവും കോളേജ് വിദ്യാർഥികളാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ ഉണ്ടെന്ന ആശങ്കയെത്തുടർന്ന് സ്ഥലത്ത് വൻതോതിലുള്ള തിരച്ചിൽ തുടരുകയാണ്.

ദുരന്ത വിവരമറിഞ്ഞ് അഗ്നിരക്ഷാസേന, ഡൽഹി പോലീസ്, ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ്), ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡി.ഡി.എം.എ), സിവിൽ ഡിഫൻസ്, ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ (എം.സി.ഡി) അധികൃതർ എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. എൻ.എസ്.യു.ഐ, ഐസ തുടങ്ങിയ വിദ്യാർഥി സംഘടനകളും രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി രംഗത്തുണ്ട്.

രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മുൻകരുതലിൻ്റെ ഭാഗമായി സമീപത്തെ മറ്റ് കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായും എക്സിലൂടെ കുറിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *