കേരളത്തിലും കർണാടകയിലുമായി 40-ലധികം കേസുകൾ; മംഗളൂരു സ്കൂട്ടർ മോഷണക്കേസിൽ കൊടുംകുറ്റവാളി പിടിയിൽ

മംഗളൂരു: നഗരത്തിലെ കൊടിക്കലിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ കൊടുംകുറ്റവാളി പിടിയിൽ. ഉള്ളാൾ കോടി സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് (40) ഉർവ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളും രഹസ്യവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്.

കഴിഞ്ഞ ജൂലൈ 24-നാണ് കൊടിക്കൽ സ്വദേശിയുടെ KA 19 EB 2226 രജിസ്ട്രേഷൻ നമ്പറിലുള്ള ഹോണ്ട ഡിയോ സ്കൂട്ടർ മോഷണം പോയത്. പരാതിയെ തുടർന്ന് ഉർവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും നീക്കങ്ങൾ നിരീക്ഷിച്ചതും. തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്തുകയുമായിരുന്നു.

40-ലധികം കേസുകൾ; നിലവിലുള്ളത് നിരവധി വാറണ്ടുകൾ

പിടിയിലായ മുഹമ്മദ് ഫൈസലിനെതിരെ കർണാടകയിലെയും കേരളത്തിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി 40-ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നോർത്ത് മംഗളൂരു, കൊണാജെ, ഉള്ളാൾ, മൂഡബിദ്രി, ബണ്ട്വാൾ റൂറൽ, മണിപ്പാൽ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇയാൾക്കെതിരെ നേരത്തെ തന്നെ അറസ്റ്റ് വാറണ്ടുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *