കാസർഗോഡ്: വിദേശത്ത് ജനിച്ച കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകൾ നാട്ടിൽനിന്ന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികൾ നേരിടുന്ന കടുത്ത നടപടിക്രമ സങ്കീർണ്ണതകൾക്കും അനാവശ്യ കാലതാമസത്തിനും അടിയന്തര പരിഹാരം കാണണമെന്ന് ദുബായ് കെ.എം.സി.സി കാസർഗോഡ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കാസർഗോഡ് നിയോജകമണ്ഡലം എം.എൽ.എ കല്ലട്ര മാഹിൻ ഹാജിക്ക് മണ്ഡലം കമ്മിറ്റി നിവേദനം നൽകി.
വിദേശത്ത് ജനിക്കുന്ന കുട്ടികളുടെ ജനനം അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസി വഴിയോ കോൺസുലേറ്റ് വഴിയോ നിയമാനുസൃതമായി രജിസ്റ്റർ ചെയ്ത് കൃത്യമായ രേഖകൾ കൈപ്പറ്റാറുണ്ട്. എന്നാൽ പിന്നീട് നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ വീണ്ടും സങ്കീർണ്ണമായ പുനഃപരിശോധനകളും നൂലാമാലകളും നേരിടേണ്ടിവരുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അടുത്തിടെ വന്ന പുതിയ നിയമപരിഷ്കാരങ്ങളെ തുടർന്നുള്ള ആശയക്കുഴപ്പവും വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഓഫീസുകൾ വ്യത്യസ്ത മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതും പ്രവാസി കുടുംബങ്ങൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.
ജനന സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാത്തത് കുട്ടികളുടെ സ്കൂൾ പ്രവേശനം, തിരിച്ചറിയൽ രേഖകൾ തുടങ്ങിയ അവശ്യ ആവശ്യങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. പ്രവാസം അവസാനിപ്പിച്ച് കുട്ടികളുമായി നാട്ടിൽ സ്ഥിരതാമസമാക്കാൻ എത്തുന്ന കുടുംബങ്ങളാണ് ഈ പ്രതിസന്ധി മൂലം കൂടുതൽ പ്രയാസമനുഭവിക്കുന്നത്.
നിലവിലെ ചട്ടങ്ങളും പുതിയ നിയമപരിഷ്കാരങ്ങളും സംബന്ധിച്ച് സർക്കാർ തലത്തിൽ വ്യക്തവും ഏകീകൃതവുമായ മാർഗനിർദ്ദേശം പുറപ്പെടുവിക്കണം. ഇന്ത്യൻ എംബസി വഴി നിയമപരമായി രജിസ്റ്റർ ചെയ്ത ജനനങ്ങൾക്ക് നാട്ടിൽ അനാവശ്യമായ ആവർത്തന പരിശോധനകൾ ഒഴിവാക്കണം. കൂടാതെ, പ്രവാസികൾക്ക് വിദേശത്തിരുന്നുകൊണ്ടുതന്നെ മുഴുവൻ നടപടികളും വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന ലളിതമായ ഏകജാലക ഓൺലൈൻ സംവിധാനം ഒരുക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.
പ്രവാസി കുടുംബങ്ങളെ ബാധിക്കുന്ന ഈ ഗൗരവകരമായ വിഷയം സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തി നിയമസഭയിലും ബന്ധപ്പെട്ട തലങ്ങളിലും ശക്തമായി ഉന്നയിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ദുബായ് കെ.എം.സി.സി കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി ഹസ്ക്കർ ചൂരിയാണ് എം.എൽ.എയ്ക്ക് നിവേദനം കൈമാറിയത്. മണ്ഡലം വൈസ് പ്രസിഡന്റ് സുഹൈൽ കോപ്പാ, സെക്രട്ടറി സഫ്വാൻ അണങ്കൂർ, ദുബായ് കെ.എം.സി.സി കാസർഗോഡ് മുനിസിപ്പൽ ജനറൽ സെക്രട്ടറി സർഫ്രാസ് പട്ടേൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.













Leave a Reply