കാഞ്ഞങ്ങാട് ആറങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: ദേശീയപാതയിലെ ആറങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേർക്ക് പരിക്ക്. അപകടത്തിൽ തകർന്ന കാറിൽ കുടുങ്ങിപ്പോയ ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്തത്. ബുധനാഴ്‌ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.

കാസർകോട് ഭാഗത്തുനിന്ന് നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മാവുങ്കാൽ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത്. കുളിയങ്കാലിലെ അടിപ്പാത കഴിഞ്ഞുള്ള റോഡ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കാർ ഡ്രൈവർക്ക് വഴി മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടൻതന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയും കാർ വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുക്കുകയുമായിരുന്നു.

പരിക്കേറ്റവരെ ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ഹോസ്‌ദുർഗ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *