വി.ഡി. സതീശന്റെ നിലപാടിന് വിരുദ്ധമായി കാന്തപുരത്തെ പിന്തുണച്ച് കെഎസ്‌യു കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി അൻസാരി കോട്ടക്കുന്ന്

കാസർകോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയോട് മുഖ്യമന്ത്രി വി.ഡി. സതീശൻ വിയോജിപ്പ് അറിയിച്ചതിന് പിന്നാലെ, കാന്തപുരത്തിന്റെ ആശയങ്ങളെ പിന്തുണച്ച് വിദ്യാർത്ഥി കോൺഗ്രസ് ഭാരവാഹിയുടെ ഫേസ്ബുക്ക് കുറിപ്പ്. കെഎസ്‌യു കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി അൻസാരി കോട്ടക്കുന്നാണ് കാന്തപുരത്തിന്റെ വാക്കുകൾ സമൂഹത്തിന്റെ നന്മ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

കാന്തപുരം ഉസ്താദിന്റെ വാക്കുകൾ ധാർമികതയുടെയും സംരക്ഷണത്തിന്റെയും ശബ്ദമാണെന്ന് അൻസാരി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തിൽ കണ്ടുവരുന്ന പ്രവണതകൾക്കെതിരെ ഇസ്ലാമിക അധ്യാപനങ്ങൾ മുൻനിർത്തി സംസാരിക്കുമ്പോൾ അതിനെ ദുർവ്യാഖ്യാനം ചെയ്യുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കുറിച്ചു.

കുടുംബഭദ്രതയും സ്ത്രീകളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്ന ദർശനങ്ങളാണ് കാന്തപുരം മുന്നോട്ടുവെക്കുന്നത്. സ്ത്രീകളുടെ അന്തസ്സും സുരക്ഷയും മതപരമായ അതിർവരമ്പുകൾക്കുള്ളിൽ നിന്ന് സംരക്ഷിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ളതാണെന്നും, വിമർശിക്കുന്നവർ വാചകങ്ങൾ അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിന് പകരം അതിന് പിന്നിലെ വിശാലമായ ആശയം മനസ്സിലാക്കാൻ ശ്രമിക്കണമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി പ്രസ്താവനയെ തള്ളിയ പശ്ചാത്തലത്തിലാണ് പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായവുമായി കാസർകോട്ടെ കെഎസ്‌യു ജില്ലാ ഭാരവാഹി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *