കാസര്‍കോട് കളക്ടറേറ്റ് ജീവനക്കാരിയുടെ മരണം: എഡിഎമ്മിന്റെ റിപ്പോര്‍ട്ട് തള്ളി കുടുംബം

കാസര്‍കോട്: കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആശാലത ജീവനൊടുക്കിയ സംഭവത്തില്‍ എഡിഎമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുടുംബം. ജോലിസ്ഥലത്തെ കടുത്ത മാനസിക സമ്മര്‍ദ്ദം തന്നെയാണ് മരണത്തിന് കാരണമെന്നും വസ്തുതകള്‍ മറച്ചുവെച്ച് ഉദ്യോഗസ്ഥരെ വെള്ളപൂശാനാണ് റിപ്പോര്‍ട്ടിലൂടെ ശ്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു.

സ്ഥലംമാറ്റമോ ഓഫീസിലെ സമ്മര്‍ദ്ദമോ അല്ല ആത്മഹത്യക്ക് കാരണമെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാനിരിക്കുന്ന എഡിഎമ്മിന്റെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി തങ്ങളുടെ മൊഴിയെടുത്തിട്ടില്ലെന്ന് ആശാലതയുടെ ഭര്‍ത്താവ് അജയന്‍ വ്യക്തമാക്കി. ഓഫീസില്‍ താന്‍ കടുത്ത അവഗണനയും ഒറ്റപ്പെടലും നേരിടുന്നുണ്ടെന്ന് ആശാലത പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഫീസിലെ മാനസിക പീഡനങ്ങളെക്കുറിച്ച് ആശാലത ബന്ധുക്കളോട് പലതവണ വെളിപ്പെടുത്തിയിരുന്നതായി സഹോദരന്‍ നിജിത് പറഞ്ഞു. റവന്യൂ വകുപ്പില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്കുള്ള മാറ്റം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും ഇത് വലിയ രീതിയിലുള്ള മാനസിക വിഷമത്തിന് കാരണമായെന്നും കുടുംബം തുടക്കം മുതലേ ചൂണ്ടിക്കാട്ടിയിരുന്നു.

വിഷം ഉള്ളില്‍ച്ചെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ പൊലീസ് രേഖപ്പെടുത്തിയ മരണമൊഴിയിലും ജോലിസ്ഥലത്തെ ഒറ്റപ്പെടലും മാനസിക വിഷമങ്ങളും ആശാലത വ്യക്തമാക്കിയിട്ടുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടി. ഈ തെളിവുകളെല്ലാം നിലനില്‍ക്കെയാണ് എഡിഎമ്മിന്റെ ഏകപക്ഷീയമായ റിപ്പോര്‍ട്ട് വന്നിരിക്കുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും നീതിക്കായി മുന്നോട്ടുപോകുമെന്നും കുടുംബം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *