കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശം വിതച്ച മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് വിദേശ രാജ്യങ്ങളുടെ നേരിട്ടുള്ള സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കി നേപ്പാൾ വിദേശകാര്യ മന്ത്രാലയം. തങ്ങളുടെ ആഭ്യന്തര സുരക്ഷാ വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിന് പര്യാപ്തമാണെന്നും നേപ്പാൾ വ്യക്തമാക്കി. രാജ്യത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക സഹായങ്ങൾ ഏകജാലക സംവിധാനം വഴി ലഭ്യമാക്കണമെന്ന് നേപ്പാൾ സർക്കാർ അറിയിച്ചതായി ‘ദി കാഠ്മണ്ഡു പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
ഹിമാലയൻ അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ നിലവിലെ മരണസംഖ്യ 472 ആയി ഉയർന്നതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ദുരന്തം നടന്ന് 48 മണിക്കൂർ പിന്നിടുമ്പോഴും നൂറുകണക്കിന് വിദേശ പൗരന്മാർ ഉൾപ്പെടെ നിരവധി പേർ ഇപ്പോഴും കാണാമറയത്താണ്.
സഹായസന്നദ്ധത അറിയിച്ച് ഇന്ത്യ, ചൈന, യു.എസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ രക്ഷാപ്രവർത്തനം ആഭ്യന്തരമായി തന്നെ കൈകാര്യം ചെയ്യാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി നേപ്പാൾ സൈന്യത്തെയും പൊലീസിനെയുമാണ് പൂർണമായും ആശ്രയിക്കുന്നത്.
രക്ഷാപ്രവർത്തനം ഊർജ്ജിതം:
- പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് 50 വിദേശികൾ ഉൾപ്പെടെ 796 പേരെ ഹെലികോപ്റ്റർ വഴിയും, മറ്റ് 796 പേരെ കരമാർഗ്ഗവും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
- നേപ്പാളിലെ 8 ജില്ലകളിൽ നിന്നാണ് നിലവിൽ മൃതദേഹങ്ങൾ കണ്ടെടുത്തത്.
ജില്ല തിരിച്ചുള്ള മരണസംഖ്യ:
- ചിറ്റ്വാൻ: 178
- നവൽപരാസി ഈസ്റ്റ്: 110
- ഗോർഖ: 44
- നുവകോട്ട്: 37
- ധാഡിംഗ്: 33
- തനഹു: 28
- നവൽപരാസി വെസ്റ്റ്: 27
- റാസുവ: 12
ദുരന്തബാധിത മേഖലകളിൽ നേപ്പാൾ സൈന്യവും പൊലീസും ചേർന്ന് തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടർന്നു വരികയാണ്.
















Leave a Reply