കാസർകോട് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന സർക്കാർ ജീവനക്കാരി മരിച്ചു

കാസർകോട്: ജില്ലാ ആസ്ഥാനത്ത് വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സർക്കാർ ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ പൊലീസ് എസ്കോർട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അതൃക്കുഴി സ്വദേശിനിയായ ആശാലത (45) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ വിഷം കഴിച്ചത്. പതിവുപോലെ സ്വന്തം വാഹനത്തിൽ ജോലിക്കെത്തിയ ഇവർ യാത്രക്കിടയിലും ഓഫീസിലെത്തിയതിന് ശേഷവുമായി എലിവിഷം കലർത്തിയ ഐസ്ക്രീം കഴിക്കുകയായിരുന്നു. അവശനിലയിലായതിനെ തുടർന്ന് അന്ന് ആദ്യം ചെർക്കളയിലെ സഹകരണ ആശുപത്രിയിലും, പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇവിടെ വെച്ചുള്ള പരിശോധനയിലാണ് നില അതീവ ഗുരുതരമാണെന്ന് വ്യക്തമായത്. ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നുവെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൊഴിയിൽ നിർണ്ണായക വിവരങ്ങൾ:

മരിക്കുന്നതിന് മുൻപ് വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ പൊലീസ് രേഖപ്പെടുത്തിയ ആശാലതയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് സൂചന. ഓഫീസിലെ ഓണാഘോഷം സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടെ ഇവർ പൊലീസിനു നൽകിയ മൊഴിയിലുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *