വേർപിരിയാൻ വയ്യ: സോഷ്യൽ മീഡിയ ക്യാമറമാനെ ഒന്നിച്ച് വിവാഹം കഴിച്ച് മൂന്ന് സഹോദരികൾ

അംറോഹ: മൂന്ന് സ്വന്തം സഹോദരിമാർ ചേർന്ന് ഒരേ യുവാവിനെ വിവാഹം കഴിച്ചെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ സരോജ് (20), സാവിത്രി (19), സന്തോഷ് (18) എന്നീ മൂന്ന് സഹോദരിമാരാണ് തങ്ങളുടെ കണ്ടന്റ് ക്രിയേഷൻ ക്യാമറാമാനായി പ്രവർത്തിച്ചിരുന്ന വികാസ് (20) എന്ന യുവാവിനെ വിവാഹം ചെയ്തത്.

കഴിഞ്ഞ ആറുമാസമായി ഇവരുടെ വീഡിയോകൾ ചിത്രീകരിച്ചിരുന്നത് വികാസായിരുന്നു. വീഡിയോഗ്രഫിക്ക് പുറമെ പല കണ്ടന്റുകളിലും ഭർത്താവിന്റെ വേഷത്തിൽ അഭിനയിച്ചതും ഇയാൾ തന്നെ. വീട്ടുകാർ മൂവർക്കും വെവ്വേറെ വിവാഹങ്ങൾ ആലോചിക്കാൻ തുടങ്ങിയതോടെ പരസ്പരം വേർപിരിയാതിരിക്കാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് യുവതികൾ പറയുന്നു.

അംറോഹയിലെ ചാമുണ്ഡാ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ബന്ധുക്കളാരും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. വിവാഹത്തിന്റെ വീഡിയോ യുവതികൾ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടതോടെയാണ് വിവരം നാട്ടുകാരറിയുന്നത്.

അതേസമയം, ഹിന്ദു വിവാഹ നിയമപ്രകാരം ഈ വിവാഹത്തിന് നിയമപരമായ യാതൊരു സാധുതയുമില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കുന്നു. സംഭവത്തിൽ നിലവിൽ പോലീസിന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എല്ലാവരും പ്രായപൂർത്തിയായവരാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *