കൊൽക്കത്ത: പശ്ചിമബംഗാളിലെ ബാരൂയിപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതിയായ പ്രബോഷ് മണ്ഡൽ (Pravash Mondal) പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും കുറ്റകൃത്യത്തിന്റെ പുനരാവിഷ്കാരവും നടത്തുന്നതിനിടെയാണ് സംഭവം.
ബാരൂയിപൂരിലെ സൂര്യപൂരിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതി പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. തുടർന്നുണ്ടായ വെടിവെപ്പിലാണ് പ്രതി കൊല്ലപ്പെട്ടത്.
ജീവനോടെ ചാക്കിൽക്കെട്ടി കുളത്തിൽ തള്ളി!
കൊൽക്കത്തയുടെ പ്രാന്തപ്രദേശമായ ബാരൂയിപൂരിലെ ഒരു കുളത്തിൽ നിന്നാണ് കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട പ്രതി പ്രബോഷ് മണ്ഡലാണ് പെൺകുട്ടിയെ സംഭവസ്ഥലത്ത് എത്തിച്ചത്. മറ്റ് പ്രതികൾ ഇവിടെ കാത്തുനിൽക്കുകയായിരുന്നു.
പെൺകുട്ടിയെ ചാക്കിൽക്കെട്ടി കുളത്തിൽ തള്ളുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ ശ്വാസകോശത്തിൽ വെള്ളം കണ്ടെത്തിയത് ഇതിന് തെളിവാണ്.
മറ്റ് പ്രതികൾ കസ്റ്റഡിയിൽ; ആൾക്കൂട്ട മർദനവും അറസ്റ്റും
കേസിലെ നാല് പ്രതികളിൽ പ്രധാനിയാണ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത്. ആനന്ദ സർദാർ, ദിബാകർ സർദാർ, കബീർ മൊല്ലാഹ് എന്നിവരാണ് മറ്റ് പ്രതികൾ. ഇതിൽ ആനന്ദയും ദിബാകറും കുറ്റം സമ്മതിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് വലിയ തോതിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. പ്രകോപിതരായ നാട്ടുകാർ റെയിൽവേ ട്രാക്കുകളും പൊലീസ് വാഹനങ്ങളും തകർത്തു. പൊതുമുതൽ നശിപ്പിച്ച കേസിൽ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടാതെ, പെൺകുട്ടിയെ ഉപദ്രവിച്ചുവെന്ന സംശയത്തിന്റെ പേരിൽ നിരപരാധിയായ ഇന്ദ്രജീത്ത് മൊണ്ടൽ എന്ന യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. ഈ കേസിൽ ഉൾപ്പെട്ടവരാണ് ഇപ്പോൾ അറസ്റ്റിലായതെന്നും പൊലീസ് വ്യക്തമാക്കി. മുഖ്യമന്ത്രി സുവേന്ദു അധികാരി പെൺകുട്ടിയുടെയും, ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട യുവാവിന്റെയും വീടുകൾ സന്ദർശിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടികൾ കർശനമാക്കിയത്. നിലവിൽ പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
















Leave a Reply