മംഗളൂരുവിൽ ഓട്ടോയിൽ മറന്നുവെച്ച 25 ലക്ഷത്തിന്റെ സ്വർണം ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ

മംഗളൂരു: യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ മറന്നുവെച്ച 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തിരികെ നൽകി ഡ്രൈവർ മാതൃകയായി. മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നത്. ലോലിറ്റ എന്ന യാത്രക്കാരിയും കുടുംബവും ഓട്ടോയിൽ മറന്നുവെച്ച വാനിറ്റി ബാഗാണ് ഡ്രൈവർ റോഷൻ പോലീസിന്റെ സഹായത്തോടെ ഉടമസ്ഥർക്ക് കൈമാറിയത്.
കഴിഞ്ഞ ദിവസം മല്ലിക്കട്ടയിൽ നിന്നും മേരി ഹില്ലിലേക്ക് യാത്ര ചെയ്തതായിരുന്നു ലോലിറ്റയും കുടുംബവും. ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയപ്പോൾ അബദ്ധവശാൽ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ഇവർ ഓട്ടോയിൽ തന്നെ മറന്നുവെച്ചു. ബാഗ് നഷ്ടപ്പെട്ട കാര്യം തിരിച്ചറിഞ്ഞ ഉടൻ തന്നെ ഇവർ മംഗളൂരു ഈസ്റ്റ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പരാതി ലഭിച്ചയുടൻ തന്നെ പോലീസ് ഉദ്യോഗസ്ഥർ ദ്രുതഗതിയിലുള്ള അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഓട്ടോ ഡ്രൈവർ റോഷൻ കാണിച്ച സത്യസന്ധത കാര്യങ്ങൾ എളുപ്പമാക്കി. തുടർന്ന് പോലീസ് സബ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ഉടമസ്ഥർക്ക് സുരക്ഷിതമായി കൈമാറി. ഡ്രൈവർ റോഷന്റെ മാതൃകാപരമായ പ്രവൃത്തിയെയും മംഗളൂരു ഈസ്റ്റ് പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *