ക്ഷേമ പെന്‍ഷന്‍ വിതരണം 25 മുതല്‍; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31നും തുടങ്ങും

തിരുവനന്തപുരം: വോട്ടെടുപ്പിന് മുന്‍പ് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. മാര്‍ച്ചിലെ പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം ചെയ്യും. ഏപ്രില്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം 31ന് തുടങ്ങും. വിഷു പ്രമാണിച്ചാണ് പെന്‍ഷന്‍ നേരത്തെ നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പെന്‍ഷന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 2,000 രൂപ വീതമാണ് പ്രതിമാസ പെന്‍ഷന്‍. രണ്ടാം പിണറായി സര്‍ക്കാര്‍ 51,534 കോടി രൂപയാണ് ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തത്.

62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും. 35,154 കോടി രൂപയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തത്. യുഡിഎഫിന്റെ കാലത്ത് 600 രൂപയായിരുന്നു പെന്‍ഷന്‍ തുക. ഇത് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി 2,000 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *