ശ്രീനന്ദയുടെ അപകടമരണം; സുഹൃത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി കുടുംബം

ശ്രീനന്ദയുടെ വിയോഗം താങ്ങാനാവാത്ത വേദനയോടെ കുടുംബം ഉൾക്കൊള്ളുമ്പോഴും, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അസത്യമായ കാര്യങ്ങൾ തിരുത്താൻ നിർബന്ധിതരായിരിക്കുകയാണ് അവർ. ശ്രീനന്ദയുടെ സഹോദരി പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വലിയ ചർച്ചയാവുകയാണ്.
ശ്രീനന്ദയെ കാണാതാകുന്നതിന് തൊട്ടുമുൻപ് എടുത്ത വീഡിയോ എന്ന രീതിയിലാണ് ഒരു റീൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത് വാസ്തവമല്ല. ആ വീഡിയോ അന്ന് ഉച്ചയ്ക്ക് 3 മണിയോടെ എടുത്തതാണെന്നും, അതിനുശേഷം വൈകുന്നേരം 5:20 വരെ ശ്രീനന്ദ യാത്ര സംഘത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു. 5:20-ന് എടുത്ത ചിത്രമാണ് അവളുടേതായി അവസാനമായി ലഭിച്ചിട്ടുള്ളത്.
വീഡിയോയിൽ ശ്രീനന്ദയ്ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണങ്ങളാണ് നടക്കുന്നത്. ആ കുട്ടിയെ ചോദ്യം ചെയ്യണമെന്നും അവൾക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള രീതിയിലുള്ള കമന്റുകൾ കുടുംബത്തെ തളർത്തുന്നു.
“ആ പെൺകുട്ടിയും ഞങ്ങളുടെ അനിയത്തിയാണ്. അവൾക്കും ഈ സമൂഹത്തിൽ ജീവിക്കേണ്ടതുണ്ട്. ഇത്രയും ചെറിയ പ്രായത്തിൽ ഇത്തരമൊരു മാനസിക വിഷമം താങ്ങാൻ അവൾക്ക് കഴിയില്ല. അതുകൊണ്ട് ദയവുചെയ്ത് വസ്തുതകൾ അറിയാതെ ആ കുട്ടിയെ വേട്ടയാടരുത്…” – കുടുംബത്തിന്റെ വാക്കുകളാണിത്.
അന്വേഷണങ്ങളുടെയും തിരച്ചിലുകളുടെയും ഒടുവിൽ ശ്രീനന്ദ വിടപറഞ്ഞെങ്കിലും, കൂടെയുണ്ടായിരുന്ന സുഹൃത്തിനെതിരെയുള്ള ആരോപണങ്ങളിൽ ഒരു സത്യവുമില്ലെന്ന് കുടുംബം അടിവരയിടുന്നു. പ്രിയപ്പെട്ടവളുടെ വേർപാടിൽ തളർന്നുനിൽക്കുന്ന ആ കുടുംബത്തെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് കൂടുതൽ വേദനിപ്പിക്കാതിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *