എന്റെ ദൈവമേ, ഒന്നുകൂടി ചോദിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി ഡാഷ് എന്നത് പൂരിപ്പിച്ചേനെ; പരിഹസിച്ച് വി ഡി സതീശന്‍

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഡാഷ് മോനെ രേവന്ത’ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒന്നുകൂടെ ചോദിച്ചിരുന്നെങ്കില്‍ ഡാഷ് എന്നത് മുഖ്യമന്ത്രി പൂരിപ്പിച്ചേനെയെന്ന് വി ഡി സതീശന്‍ പരിഹസിച്ചു.

‘പിണറായി വിജയനെതിരെ ഒന്നും പറയരുതെന്ന് ഞാന്‍ രേവന്ത് റെഡ്ഡിക്ക് നിര്‍ദേശം കൊടുത്തേനെ. അദ്ദേഹത്തോട് സൂക്ഷിച്ച് സംസാരിച്ചില്ലെങ്കില്‍ ഏറ്റവും നല്ല മലയാളത്തില്‍ ഏറ്റവും മോശം വാക്കുകള്‍ പറയുന്നയാളാണ്. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചു. ടി പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചു. എന്‍ കെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു. അമ്പത് വര്‍ഷം കൂടെ നടന്ന കമ്മ്യുണിസ്റ്റിനെ പരമചെറ്റയെന്നും വിളിച്ച് മലയാളം ഭാഷയ്ക്ക് ഒരുപാട് വാക്കുകള്‍ സംഭാവന ചെയ്തയാളാണ് പിണറായി വിജയന്‍. പിണറായി വിജയനോട് തമാശയെന്നും പറയരുതെന്ന് രേവന്ത് റെഡ്ഡിയോട് പറയാന്‍ മറന്നു. ഭൂമിയില്‍ കേള്‍ക്കാത്ത ഭാഷവരുമെന്ന് പറയണമായിരുന്നു. ഡാഷ് മോനെയെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ സമനില തെറ്റിയിരിക്കുകയാണ്, വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *