തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ അടുത്ത അഞ്ചുദിവസം സംസ്ഥാനത്തുടനീളം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
കാലവർഷം രാജ്യത്തുനിന്ന് പൂർണമായി പിൻവാങ്ങിയതിന് പിന്നാലെയാണ് കേരളം, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, മാഹി എന്നിവിടങ്ങളിൽ വടക്കുകിഴക്കൻ മൺസൂണിന് (തുലാവർഷം) തുടക്കമായത്. ഡിസംബർ വരെ തുലാവർഷം തുടരുമെന്നാണ് വിലയിരുത്തൽ.
തെക്കൻ ജില്ലകളിൽ കനത്ത മഴ വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ ജില്ലകളിലാണ് കൂടുതൽ ശക്തമായ മഴ ലഭിക്കുന്നത്. ഇന്നലെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിലെ ബ്രൈമൂറിലാണ് (170.2 മി.മീ). കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലും അച്ചൻകോവിൽ, അമ്പനാട് എന്നിവിടങ്ങളിലും അതിശക്തമായ മഴയാണ് പെയ്തത്. അമ്പനാട് പ്രിയ എസ്റ്റേറ്റ് ഭാഗങ്ങളിൽ റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പ്രത്യേക ജാഗ്രത നിർദേശം നഗരപ്രദേശങ്ങളിലും മലയോര-തീരദേശ മേഖലകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും, മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകൾ നിയന്ത്രിക്കണമെന്നും അധികൃതർ നിർദേശിച്ചു.













Leave a Reply