കാസർകോട്: ഉപ്പള വില്ലേജ് ഓഫീസിൽ കാസർകോട് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരൻ കയ്യോടെ പിടിയിലായി. കാസർകോട് കോടിബയൽ സ്വദേശിയും ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പറുമായ കെ. ശിവപ്രസാദ് (42) ആണ് അറസ്റ്റിലായത്. ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് വിജിലൻസ് സംഘം ഓഫീസിലെത്തി പ്രതിയെ വലയിലാക്കിയത്.
ക്ഷേത്രത്തിന് ഒരു ഭക്തൻ സൗജന്യമായി നൽകിയ ഭൂമി, ക്ഷേത്ര കമ്മിറ്റിയുടെ പേരിലേക്ക് മാറ്റി നികുതി ഒടുക്കാനെത്തിയ ആളിൽ നിന്നാണ് ശിവപ്രസാദ് കൈക്കൂലി വാങ്ങിയത്.
തുടക്കം ഒരു മാസം മുമ്പ്; ഒടുവിൽ കെണി
പരാതിക്കാരൻ ഒരു മാസം മുമ്പാണ് വസ്തുവിൻ്റെ നികുതി കമ്മിറ്റിയുടെ പേരിലേക്ക് മാറ്റാൻ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്. എന്നാൽ, സ്ഥലത്തിൻ്റെ നികുതി ചീട്ട് പഴയ ഉടമസ്ഥയുടെ പേരിലായതിനാൽ കുറേ പണിയുണ്ടെന്നും പെട്ടെന്ന് അടച്ചുതീർക്കാൻ കഴിയില്ലെന്നുമാണ് സ്പെഷ്യൽ വില്ലേജ് ഓഫീസർ അപേക്ഷകനെ അറിയിച്ചത്.
ഇതോടെ നിരാശനായി മടങ്ങാൻ ഒരുങ്ങിയ അപേക്ഷകനെ സ്വീപ്പറായ ശിവപ്രസാദ് സമീപിക്കുകയായിരുന്നു. സ്പെഷ്യൽ വില്ലേജ് ഓഫീസറോട് സംസാരിച്ച് കാര്യം പെട്ടെന്ന് ശരിയാക്കിത്തരാമെന്നും, അതിന് ‘ചെലവ്’ വേണമെന്നുമായിരുന്നു ശിവപ്രസാദിന്റെ ആവശ്യം. തുടർന്ന് ഒരാഴ്ച കഴിഞ്ഞ് അപേക്ഷകൻ വീണ്ടുമെത്തി ശിവപ്രസാദിനെ കണ്ടു. തുടർന്ന് ജൂൺ 11-ന് സ്പെഷ്യൽ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ഇതിനായി 1,500 രൂപ നേരത്തെ കൈപ്പറ്റിയിരുന്നു. ഇതിന് ശേഷമാണ് 5,000 രൂപ കൂടി കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടത്.
വിജിലൻസ് വലവിരിച്ചു
ഇന്നലെ പരാതിക്കാരൻ വീണ്ടും വില്ലേജ് ഓഫീസിലെത്തിയെങ്കിലും നടപടികളൊന്നും ആയിരുന്നില്ല. പിന്നാലെ 5,000 രൂപ കൈക്കൂലി നൽകണമെന്ന് ശിവപ്രസാദ് പരാതിക്കാരനെ ഫോണിൽ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അപേക്ഷകൻ വിവരം കാസർകോട് വിജിലൻസിനെ അറിയിച്ചു.
വിജിലൻസ് നിർദേശപ്രകാരം ഇന്ന് രാവിലെ പണവുമായി അപേക്ഷകൻ ഓഫീസിലെത്തി. വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിന് സമീപം നിലയുറപ്പിച്ചു. തുടർന്ന് കൈക്കൂലി പണം ശിവപ്രസാദ് വാങ്ങിയ ഉടൻ തന്നെ വിജിലൻസ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.
വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർ പി. നാരായണൻ, എസ്.ഐ രാധാകൃഷ്ണൻ, ഉദ്യോഗസ്ഥരായ റിജേഷ്, സന്തോഷ്, ജയചന്ദ്രൻ, രമേശൻ, സജേഷ്, വിജേഷ്, ശ്രീജിത്ത്, രതീഷ്, ബാബു, ലിജിൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ പങ്കിനെക്കുറിച്ചും വിജിലൻസ് അന്വേഷിച്ചുവരികയാണ്.














Leave a Reply