കാസർഗോഡ്: ഉപ്പള മണ്ണംകുഴിയിലെ അൽത്താഫ് വധക്കേസിലും തോക്ക് കേസിലും കോടതിയിൽ ഹാജരാകാതെ വർഷങ്ങളായി ഒളിവിലായിരുന്ന വാറണ്ട് പ്രതി ഒടുവിൽ പൊലീസിന്റെ വലയിലായി. പെരിങ്കടി സ്വദേശി റുമൈദിനെയാണ് (26) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
വർഷങ്ങൾക്ക് മുമ്പ് പെയിന്റിംഗ് തൊഴിലാളിയായ അൽത്താഫിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് റുമൈദ്. അൽത്താഫിനെ കാറിൽ കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം അവശനിലയിൽ ദേർളക്കട്ട ആശുപത്രി വരാന്തയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് അൽത്താഫ് മരണപ്പെട്ടത്.
ഈ കേസിൽ നേരത്തെ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന റുമൈദ്, പിന്നീട് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി തവണ കോടതി നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തുനിന്നും കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ കുമ്പള പൊലീസ് സംഘം പ്രതിയെ തടഞ്ഞുവെച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.













Leave a Reply