കാസർകോട്: കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) മൂന്നുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
മംഗൽപാടി അട്ക്ക ഹൗസിൽ അബ്ദുൽ അസീസ് (43), നെക്രാജെ ആലങ്കോൾ ഹൗസിൽ കെ.വി. അബൂബക്കർ (32), മൊഗ്രാൽ സ്വദേശി മുസ്തഫ (44) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 3.355 ഗ്രാം എംഡിഎംഎയും കടത്തിന് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമം; ഒടുവിൽ പിടിയിൽ
ചൊവ്വാഴ്ച അർദ്ധരാത്രി 12.30-ഓടെ അട്ക്ക റോയൽ സ്ട്രീറ്റിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കുമ്പള എസ്.ഐ എസ്. അനൂപ്, എസ്.ഐ വി.വി. സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സലിൻ ദാസ്, ഡ്രൈവർ ജാബിർ എന്നിവരടങ്ങിയ സംഘം രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്നു.
അട്ക്ക ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ എത്തിയ ചുവന്ന കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ അമിതവേഗതയിൽ മുന്നോട്ട് ഓടിച്ചുപോയി. തുടർന്ന് പൊലീസ് സംഘം കാറിനെ പിന്തുടർന്നു. ഇതിനിടയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കുഴിയിലേക്ക് താഴ്ന്നുപോവുകയായിരുന്നു.
തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് ദേഹപരിശോധനയും വാഹന പരിശോധനയും നടത്തിയപ്പോഴാണ് വില്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎ കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും.













Leave a Reply