പാലാ നഗരസഭയിൽ വിമത കൗൺസിലർ മായാ രാഹുൽ ചെയർപേഴ്‌സൺ

കോട്ടയം: നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ പാലാ നഗരസഭാ ചെയർപേഴ്‌സണായി കോൺഗ്രസ് വിമത കൗൺസിലർ മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് പിന്തുണയോടെയാണ് സ്വതന്ത്ര കൗൺസിലറായ മായ ഭരണനേതൃത്വത്തിലേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ മായാ രാഹുൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. “നന്മയുടെ വിജയം” എന്നാണ് വിജയത്തിന് ശേഷം അവർ പ്രതികരിച്ചത്.

വോട്ടിംഗ് നില ഇങ്ങനെ

ആകെ 26 വോട്ടുകൾ പോൾ ചെയ്ത തെരഞ്ഞെടുപ്പിൽ മായാ രാഹുൽ 16 വോട്ടുകൾ നേടി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച റിയാ ചീരാൻങ്കുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്.

  • മായാ രാഹുലിന് ലഭിച്ച വോട്ടുകൾ (16): 12 എൽഡിഎഫ് കൗൺസിലർമാരുടെയും 3 കോൺഗ്രസ് വിമതരുടെയും സ്വന്തം വോട്ടും ഉൾപ്പെടെ.
  • റിയാ ചീരാൻങ്കുഴിക്ക് ലഭിച്ച വോട്ടുകൾ (10): യുഡിഎഫ് കൗൺസിലർമാരുടെ വോട്ടുകൾക്ക് പുറമെ കോൺഗ്രസ് വിമത കൗൺസിലറായ ലിസിക്കുട്ടിയും റിയയ്ക്ക് വോട്ട് രേഖപ്പെടുത്തി.

അവിശ്വാസ പ്രമേയവും ഭരണമാറ്റവും

മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് നഗരസഭയിൽ പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

പാലാ നഗരസഭയിൽ ഇരുമുന്നണികൾക്കും കേവലഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യത്തിൽ, സ്വതന്ത്രരായി വിജയിച്ച ബിനു പുളിക്കകണ്ടം, മകൾ ദിയാ ബിനു പുളിക്കകണ്ടം, സഹോദരൻ ബിജു പുളിക്കകണ്ടം എന്നിവരുടെ പിന്തുണയോടെയായിരുന്നു യുഡിഎഫ് ഭരണം പിടിച്ചത്. ആദ്യ ടേമിൽ ദിയയ്ക്ക് ചെയർപേഴ്സൺ പദവി നൽകിയെങ്കിലും ആറുമാസം മാത്രമായിരുന്നു ആ ഭരണത്തിന് ആയുസ്സുണ്ടായിരുന്നത്.

തുടർന്ന് അഞ്ച് യുഡിഎഫ് കൗൺസിലർമാർ വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെ ഭരണം വീഴുകയായിരുന്നു. ആ നീക്കങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ എൽഡിഎഫ് പിന്തുണയോടെ മായാ രാഹുൽ അധ്യക്ഷ പദവിയിലെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *