ഉളിയത്തടുക്ക-ചൗക്കി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്ലസ്‌ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാസർകോട്: ഉളിയത്തടുക്ക-ചൗക്കി റോഡിൽ ആസാദ് നഗറിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്ലസ്‌ടു വിദ്യാർത്ഥി മരിച്ചു. നെക്രാജെ സ്വദേശിയും നിലവിൽ ചൗക്കി ആസാദ് നഗറിൽ താമസക്കാരനുമായ പ്രവാസി റഫീഖിൻ്റെ മകൻ ഷഹബാസ് അസ്സർ (17) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് പേരെ മംഗ്ളൂരുവിലെയും ഇന്ദിരാനഗറിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഷഹബാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടിയും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഷഹബാസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടിയിലുണ്ടായിരുന്ന സഹയാത്രികനും, ബൈക്കിൽ സഞ്ചരിച്ചിരുന്ന മറ്റ് രണ്ടുപേർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്.

റഫീഖ് – അൽഫീന ദമ്പതികളുടെ ഏക മകനാണ് അന്തരിച്ച ഷഹബാസ് അസ്സർ. വിദ്യാനഗർ, ഉദയഗിരി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്. പ്ലസ് വൺ പഠനം പൂർത്തിയാക്കി, പുതിയ അധ്യയന വർഷത്തിൽ പ്ലസ്‌ടു ക്ലാസുകളിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് വിധി ഷഹബാസിനെ കവർന്നത്. ഏക മകൻ്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും ആകെ കണ്ണീരിലാഴ്ത്തി.

അപകടം സംബന്ധിച്ച് കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഷഹബാസിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനുമായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *