ബേക്കൽ: ട്രെയിൻ യാത്രയ്ക്കിടെ പനയാൽ സ്വദേശിയായ യുവാവിന്റെ മൊബൈൽ ഫോണും പണവും കവർന്നതായി പരാതി. പനയാൽ ദേവൻപൊടിച്ച പാറ സ്വദേശി കെ. റികേഷിന്റെ (18) ഫോണും പണവുമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ റികേഷിന്റെ പരാതി പ്രകാരം കാസർകോട് റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജൂലൈ 5-നായിരുന്നു സംഭവം നടന്നത്. കാസർകോട് നിന്നും എറണാകുളത്തേക്ക് മംഗള എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു റികേഷ്. ട്രെയിനിന്റെ പിൻഭാഗത്തെ കമ്പാർട്ടുമെന്റിലാണ് റികേഷ് ഇരുന്നിരുന്നത്. യാത്രയ്ക്കിടെ ചാർജ് ചെയ്യാൻ വെച്ചിരുന്ന 18,000 രൂപ വിലവരുന്ന മൊബൈൽ ഫോണും, കവറിൽ സൂക്ഷിച്ചിരുന്ന 1000 രൂപയുമാണ് മോഷ്ടാവ് അപഹരിച്ചത്.
ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മൊബൈൽ ഫോണും പണവും നഷ്ടപ്പെട്ട വിവരം റികേഷ് അറിയുന്നത്. തുടർന്ന് യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ശേഷം കാസർകോട് റെയിൽവേ പോലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, സംശയാസ്പദമായ സാഹചര്യത്തിൽ ഇതേ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്തിരുന്ന ഒരാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഷർട്ടും കാവിമുണ്ടും ധരിച്ച, കാലിൽ മുറിവ് വെച്ചുകെട്ടിയ ഒരാളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി റികേഷ് പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ ശാരീരിക അടയാളങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ ഉടൻ വലയിലാക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് റെയിൽവേ പോലീസ്.













Leave a Reply